Friday, March 7, 2008

കാവ്യയുടെ കണ്ണുകള്‍

അഴകാര്‍ന്ന കണ്ണുകള്‍ “നീലത്തടാകങ്ങളൊ സഖീ നിന്‍ നീലനയനങ്ങളൊ” എന്ന് പണ്ട്‌ യേശുദാസ്‌ പാടിയത്‌ ഈ കണ്ണുകളെ കുറിച്ചായിരിക്കും. രാഹുല്‍ സ്വപ്നത്തില്‍ കണ്ട ആ കണ്ണുകളെ ഓര്‍ത്തു കിടന്നു. മുകളില്‍ ചെറിയമ്മയുടെ മുറിയിലെ ക്ലോക്കില്‍ മണി പന്ത്രണ്ടടിച്ചു. ഫുള്‍ സ്പീഡില്‍ കറങ്ങുന്ന ഫാനിന്റെ ശബ്ദമൊഴിച്ചാല്‍ തികഞ്ഞ നിശബ്ദത. രാഹുല്‍ തൊണ്ട വിറപ്പിച്ചുകൊണ്ട്‌ പാടി ഏകാന്ത ത യുടെ അപാാരാതീീീരം ചെറിയമ്മ ഉണര്‍ന്ന് പേടിച്ചു കരഞ്ഞാലോ എന്നോര്‍ത്ത്‌ ഉടന്‍ പാട്ടുനിര്‍ത്തുകയും ചെയ്തു. ഒരു മൂത്രശങ്കയുണ്ടോ അവന്‍ ഗാഢമായി ആലോചിച്ചു. ങും... വേണമെങ്കില്‍ ഒന്നു പാസ്സ്സാക്കാം. ബെര്‍മുഢയുടെ ചരടും അഴിച്ചുകൊണ്ട്‌ ബാത്ത്‌ റൂമിലേക്കു നടക്കുമ്പോള്‍ മൂത്രമൊഴിക്കുമ്പോള്‍ പാടാന്‍ പറ്റിയ നല്ലൊരു പാട്ടേതാണെന്നായിരുന്നു അവന്‍ ചിന്തിച്ചിരുന്നത്‌ ഫ്ലെഷ്‌ വലിച്ച്‌ ബാത്ത്‌ റൂമില്‍ നിന്നും പുറത്തു വരുമ്പോള്‍ അവന്‍ ആകെ അസ്വസ്ഥനായിരുന്നു നല്ലൊരു പാട്ടു കിട്ടാത്ത കാരണം ഒന്നുമങ്ങട്‌ ശരിയായില്ല.
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം അങ്ങട്ട്‌ വരുന്നുമില്ല ഉറങ്ങാതിരുന്നാല്‍ ശരിയാവില്ല നാളെ കാവ്യയുടെ കൂടെ അവളുടെ ബര്‍ത്ത്‌ ഡേ ആഘോഷിക്കാനുള്ളതാണ്‌. കാവ്യ...... ഊഷരഭൂമിയില്‍ പെയ്ത പനിനീര്‍മഴപോലെ തന്റെ ജീവിതത്തില്‍ പെയ്തിറങ്ങിയ സുന്ദരിക്കുട്ടി.നാളെ അവളും താനും മാത്രമുള്ള സുവര്‍ണനിമിഷങ്ങള്‍.അവള്‍ക്കായി വാങ്ങിയ വെളുത്ത കുഞ്ഞു ടെഢ്ഢി ബെയറിനെ അവന്‍ അരുമയോടെ തലോടി.
പെട്ടെന്ന് മുറിയിലേക്ക്‌ രണ്ടു മിന്നാമിനുങ്ങുകള്‍ പറന്നു വന്നു രാഹുല്‍ അവയെ സൂക്ഷിച്ചു നോക്കി. മിന്നാമിനുങ്ങുകളല്ല അവന്‍ ഒരു ഞെട്ടലോടെ കണ്ടു അത്‌ രണ്ടു കണ്ണുകളായിരുന്നു. ആ കണ്ണുകള്‍ അവന്റെ മുന്നില്‍ പറന്നുവന്നിരുന്നു.സ്വപ്നത്തില്‍ കണ്ട അതേ കണ്ണുകള്‍.... അവനെത്തന്നെ നോക്കിയിരുന്നു. അവന്‍ ആ കണ്ണുകളോട്‌ ചോദിച്ചു ഏതു സുന്ദരിയുടെ കണ്ണുകളാണു നിങ്ങള്‍ എന്തെ നിങ്ങള്‍ മാത്രം വന്നൂ? ചുണ്ടുകളെ കൂടെ കൊണ്ടുവന്നിരുന്നെങ്കില്‍ എനിക്കു നിന്റെ സംസാരം കേള്‍ക്കാമായിരുന്നല്ലോ. ചെവികളെക്കൂടി കൊണ്ടുവന്നിരുന്നെങ്കില്‍ ഞാന്‍ പറയുന്നത്‌ നിനക്ക്‌ കേള്‍ക്കാമായിരുന്നല്ലോ.അല്ലെങ്കില്‍ മറ്റാരെയെങ്കിലും കൊണ്ടുവന്നിരുന്നെങ്കില്‍ നമുക്ക്‌ എന്തെങ്കിലും കുസ്രുതികളൊപ്പിച്ച്‌ ഈ രാത്രി കഴിച്ചു കൂട്ടാമയിരുന്നില്ലേ?. ആ കണ്ണുകള്‍ കുറെ നേരം കൂടി അവനെ നോക്കിയിരുന്ന ശേഷം ജനലിലൂടെ പുറത്തേക്ക്‌ പറന്നു പോയി

അപ്പോള്‍ ദൂരെ നഗരത്തില്‍ ഒരാശുപത്രിയിലെ ഡോക്ടര്‍ കാവ്യയുടെ നിര്‍ജീവമായ ശരീരം വെള്ളത്തുണികൊണ്ട്‌ മൂടുകയായിരുന്നു.

No comments: