Friday, March 7, 2008

ആകാശത്തിന്റെ വാതില്‍

പെരുമലയിലെ ചെറു ഗുഹയില്‍ കിടന്ന് വാലാത്തന്‍ കണ്ണു തുറന്നു.ത്രാവി കഴിഞ്ഞു ഗുഹയിലെത്തിയതു മാത്രം ഓര്‍മയുണ്ട്‌.നേരമെത്രയായൊ എന്തൊ പടച്ചവനെ എന്തൊരു ഉറക്കമാണ്‌ ഉറങ്ങിയത്‌. എന്തെല്ലാം പേക്കിനാക്കളാണ്‌ കണ്ടത്‌.കാറ്റിന്റെ വേഗത്തിലുള്ള കുതിരപ്പുറത്ത്‌ പാഞ്ഞു പോയത്‌ ദജ്ജാല്‍ തന്നെ. അള്ളാ കിയാമം നാളിങ്ങെത്തിയൊ? എന്തൊക്കെ ശബ്ദഘോഷങ്ങളൊടെയാണ്‌ ദജ്ജാലിന്റെ തടിയന്‍ കുതിര പാഞ്ഞു പോയത്‌. താഴ്‌വരയിലെ കൊച്ചു പള്ളിയില്‍ നിന്നും മൂസ്സാം കുട്ടി മൊല്ലാക്കയുടെ ബാങ്കു വിളിക്ക്‌ കാതോര്‍ത്തു കൊണ്ട്‌ വാലാത്തന്‍ കണ്ണടച്ചു കിടന്നു. പൂര്‍വാശ്രമത്തില്‍ കയ്തക്കുണ്ട്‌ ഗ്രാമത്തിലെ സുപ്പര്‍സ്റ്റാറായിരുന്നു വാലാത്തന്‍. ആറടി ഉയരവും കാരിരുംബിന്റെ കരുത്തും കരിവീട്ടിയുടെ നിറവുമുള്ള വണ്ടിക്കാരന്‍ വാലാത്തന്‍. ആനകളെപ്പോലെയുള്ള കൂറ്റന്‍ കാളകളെ പൂട്ടിയ ആ ഇരട്ട കാളവണ്ടിയുടെ കുടമണി ശബ്ദം കേട്ടാല്‍ നാട്ടിലെ പെണ്ണുങ്ങളെല്ലാം ജാലകത്തിരശ്ശീല മാറ്റി സുറുമക്കണ്ണുകളാല്‍ ചൂണ്ടയെറിയാന്‍ തുടങ്ങും.പൂവംബുകളെ നിസ്സാരമായി തട്ടിയെറിഞ്ഞു കൊണ്ട്‌ അറബിക്കഥയിലെ സുല്‍ത്താന്‍ പറന്നുപോകും വിടര്‍ന്ന മാറിടത്തിലെക്കും കള്ളിത്തുണിയുടെ കീഴിലെ തടിച്ച കരിംതുടകളിലേക്കും നോക്കി കന്യകകളും പത്തു പെറ്റവരും നെടുവീര്‍പ്പിടുംനാലാം കുളികഴിഞ്ഞ്‌ പായും മടക്കി നനഞ്ഞ തുണികളുമായി പുഴക്കടവില്‍ നിന്നും വരുബോഴാണ്‌ ഉമ്മുകുത്സു ആ സുല്‍ത്താനെ ആദ്യമായി കാണുന്നത്‌.സുറുമയെഴുതാതെ തന്നെ കറുത്തിരുണ്ട കണ്ണുകളും ഈറന്‍ തുണിയില്‍ പൊതിഞ്ഞ ആലുവത്തുണ്ടുപോലുള്ള ദേഹഭംഗിയുമുള്ള ഹൂറിയെ വാലാത്തനും കണ്ടു.ആദ്യ കാഴ്ച്ചയില്‍ തന്നെ ഖല്‍ബിലാരോ കൊളുത്തിട്ടു വലിച്ചപോലെ. റസ്സൂലായ തമ്പുരാനെ തോട്ടവും പാട്ടവുമുള്ള ഉണ്ണീങ്കുട്ടി ഹജിയാരുടെ പുന്നാരമോള്‍ ഉമ്മുക്കുത്സു വണ്ടിക്കാരനു കൊതിക്കാനും കൂടി പറ്റാത്തവള്‍.പക്ഷെ വാലാത്തനു മുന്‍പില്‍ അതൊന്നും ഒരു പ്രശ്നമായില്ല.ഒരു ദിവസം കുളി കഴിഞ്ഞു വരുന്ന പെണ്ണിനു മുന്‍പില്‍ വണ്ടി നിറുത്തി അയാള്‍ അവളോടു പറഞ്ഞു "കേറിന്‍"അവള്‍ അനുസരണയോടെ വണ്ടിയില്‍ കയറി അന്നുതൊട്ട്‌ ഒന്നിച്ചു താമസവും തുടങ്ങി.വര്‍ഷങ്ങള്‍ കഴിഞ്ഞു.വയനാട്ടില്‍ വണ്ടി പ്പണിയും കഴിഞ്ഞ്‌ എട്ടാം നാള്‍ തിരിച്ചെത്തി വീടിന്റെ കതകു തള്ളിത്തുറന്ന വാലാത്തന്‍ ആ കാഴ്ച കണ്ടു ഞെട്ടി ഉമ്മുക്കുത്സുവിന്റെ അകത്തിവെച്ച വെളുത്ത പെരും തുടകള്‍ക്കിടയില്‍ പെരുമ്പാമ്പിനെപ്പോലെ പുളയുന്ന കറുത്ത പുരുഷദേഹം അന്ന് അഭയം തേടിയ ഗുഹയാണിത്‌.നേര്‍ച്ചകളും പെരുന്നാളുകളും ഒട്ടനവധി കഴിഞ്ഞു പോയി. ഇനി ഈ കുന്നില്‍ നിന്നും മടക്കയാത്രയില്ല.പുറത്ത്‌ എന്തോ ശബ്ദം കേള്‍ക്കുന്നു അയാള്‍ ചെവിയോര്‍ത്തു അതെ അതേ ശബ്ദം തലേന്നു കണ്ട സ്വപ്നത്തിലെ അതേ ശബ്ദം ദജ്ജാലിന്റെ കുതിര പറന്നു പോയപ്പോള്‍ കേട്ട അതേ വാദ്യഘോഷം. അയാള്‍ ഗുഹക്കു പുറത്തിറങ്ങി അതാ അവിടെ ജെ സി ബി യും റ്റിപ്പര്‍ ലോറികളുമായി കുന്നു നിരപ്പാക്കി ഫ്ലാറ്റു പണിയാന്‍ വന്നവര്‍ അവര്‍ ആ കുന്നും നിരത്താന്‍ തുടങ്ങിയപ്പോള്‍ തലയില്‍ കയ്യും വച്ച്‌ വാലാത്തന്‍ മുകളിലേക്ക്‌ നോക്കിയിരുന്നു അവിടെ ആകാശത്ത്‌ സുബര്‍ക്കത്തിന്റെ വാതില്‍ തുറക്കുന്നുണ്ടോ?

No comments: