ആരോ ചിരിക്കുന്നു.....
മുഖം പൊത്തിയ കൈവിരലുകള്ക്കിടയിലൂടെന്നെ നോക്കി
ആരോ ചിരിക്കുന്നു
നീണ്ട വിരലിന് നഖങ്ങളില്‍
ഭ്രമത്തിന് നഖച്ചായങ്ങളില്ല
വിടര്‍ന്ന കണ്ണുകളില്‍
കാമത്തിന് കടും രക്തവര്ണങ്ങളില്ല
രണ്ടു വിരലുകള്ക്കിടയിലൂടെന്നെ നോക്കി
ആരോ ചിരിക്കുന്നു
പൂര്‍വ്വ ജന്മത്തിന്റെ പാപഘോഷയാത്രകളില്
കശക്കിയെറിഞ്ഞൊരു കുഞ്ഞു കാട്ടു പൂവാണോ
പൂര്‍വ്വാശ്രമത്തിന്റെ മൃഗയാ വിനോദങ്ങളില്‍
ഞാനെറിഞ്ഞുടച്ചോരു ചില്ലു പാത്രമോ
ആരോ ചിരിക്കുന്നു.
നിലാവിന്റെ സാന്ദ്രവെണ്മ പോല്‍
ആരോ ചിരിക്കുന്നു
നീള് മിഴികള്‍ പിടക്കുന്നു
ക്രോധത്തിന് അശാന്തിയില്ല
പകയുടെ പരുപരുപ്പുമില്ല
നീണ്ട വിരലുകള്‍ക്കിടയിലൂടെ
നീല മിഴികളെന്റെ ഹൃദയം കൊത്തിപ്പറിക്കുന്നു
എന്നാത്മാവിനെ വെട്ടിമുറിക്കുന്നു
എന്റെ മസ്തിഷ്കത്തിലെ മറവിയുടെ ബിന്ദുക്കളെ
തൊട്ടു തൊട്ടുണര്‍ത്തി
ഓര്‍മപ്പൂക്കളെ വിടര്‍ത്താന്‍ ശ്രമിക്കുന്നു
എന്റെ മറവിയുടെ കൂരാക്കൂരിരുട്ടില്‍
ഒരു തിരി കൊളുത്താനൊരുങ്ങുന്നു
ആരോ ചിരിക്കുന്നു
ഗതകാല സ്വപ്നങ്ങളുടെ വാല്മീകം പിളര്‍ന്നുകൊണ്ട്
ആരോ ചിരിക്കുന്നു
1 comment:
ഇനിയിപ്പൊ അവള് നോക്കിയത് എന്നെത്തന്നെയായിരുന്നില്ലേ ഇപ്പൊ ഒരു ഡൗട്ട്
Post a Comment