Saturday, November 22, 2008

ഒരു പൂ(പേ)ക്കിനാവ്‌

ഒരു കണ്ണിറുക്കലിന്റെ കുളിര്‍കാറ്റില്‍
ആലോലമാടി
ഒരുപെണ്‍പൂവ്‌....

ഒരു കള്ളച്ചിരിയുടെ നനുമഴയില്‍
ആകെ തരളിതയായി
ഒരിളം പൂവ്‌....

ഒരുകുഞ്ഞു ചുംബനത്തിന്റെ നിലാവെളിച്ചത്തില്‍
കോരിത്തരിച്ചൂ
ഋതുമതിപ്പൂവ്‌...

ഒരാലിംഗനത്തിന്റെ ആലിപ്പഴവര്‍ഷത്തില്‍
ആകെ നനഞ്ഞു പോയ്‌
ഒരു സുന്ദരിപ്പൂവ്‌...

ഒരു സര്‍പ്പസീല്‍ക്കാരത്തിന്റെ രാത്രിമഴയില്‍
ആകെ തളര്‍ന്നുപോയി
ഒരു സൗരഭ്യപ്പൂവ്‌...

ഒരുകൊടുംകാറ്റിന്റെ തീക്ഷ്ണ താണ്ഡവത്തില്‍
വേരറ്റുപോയി
ഒരു നൊമ്പരത്തിപ്പൂവ്‌


പിന്നീടൊരുനാള്‍
നഗരത്തിലെ കുപ്രസിദ്ധ ഹോട്ടലില്‍ നിന്നും
അറസ്റ്റ്‌ ചെയ്യപ്പെട്ട്‌
പോലീസ്‌ വാഹനത്തിലിരിക്കുമ്പോള്‍
അവള്‍ മുഖം കുനിച്ചില്ല
തരളിതയായില്ല
കൈലേസാല്‍ കണ്ണുകള്‍ പൊത്തിയില്ല
അവള്‍ തുറിച്ചു നോക്കി
ലോകത്തിന്റെ കണ്ണുകളിലേക്ക്‌
Straight in to the eyes

Tuesday, November 4, 2008

ഇന്നു വിവാഹിതനായി

കൂറ്റന്‍ മരങ്ങളെ ഇരു കൈകളാല്‍ പിഴുതെറിയുന്നവന്‍.
മത്തഗജത്തിന്റെ മസ്തകം ഉരുക്കുമുഷ്ടിയാല്‍ തകര്‍ത്തവന്‍
ആരും നടക്കാത്ത വഴികളിലൂടെ മാത്രം നടന്നവന്‍
കരിവീട്ടി കടഞ്ഞെടുത്തവന്‍
ആളുകള്‍ അവനെ വിളിച്ചു
വീരന്‍
വിജിഗിഷു

ഒരു നാള്‍
ഒരു പേടമാനിന്റെ മിഴികളിലവന്റെ മിഴികള്‍ കോര്‍ത്തു
ആ കണ്ണിന്റെ ആഴങ്ങള്‍ അളക്കാന്‍ അവനതിലേക്കു മുങ്ങാം കുഴിയിട്ടു
ശേഷം കൈകളില്‍ വിലങ്ങുമായ്‌ എപ്പോഴോ പൊങ്ങി വന്നു

ഒരു നാള്‍
ഒരു കസ്തൂരിമാനിന്റെ ഗന്ധത്തിലാക്രുഷ്ടനായി
അവന്‍ എവിടൊക്കേയോ അലഞ്ഞു നടന്നു
ശേഷം കഴുത്തിലൊരു നുകവുമായി എന്നോ തിരികെയെത്തി

പിന്നെ
അവള്‍ നടക്കുന്ന വഴികളിലൂടെ മാത്രം അവന്‍ നടന്നു
നനഞ്ഞ കരിമരുന്നു പോലെ
ആളുകള്‍ അവനെ വിളിച്ചു
...ഉണ്ണാക്കന്‍...

Sunday, November 2, 2008

ഒരു പട്ടി ചത്തുകിടക്കുന്നു

ഒരു വൃത്തവുമില്ലാതെ ചതുരത്തിലെഴുതിയ ഈ വരികള്‍, ഒരു പാടു കവിതകള്‍ വായിച്ചിട്ടുള്ളതു കൊണ്ട്‌ ഇതിനെ കവിതയെന്നു വിളിക്കാനുള്ള ധൈര്യമില്ല എങ്കിലും ഇവിടെകുറിച്ചിടുന്നു

ഒരു പട്ടി ചത്തുകിടക്കുന്നു


ഒരു പട്ടി ചത്തുകിടക്കുന്നു
പാതയോരത്ത്‌ കാലുകള്‍ നീട്ടി
പാതി തുറന്ന കണ്ണുകളാല്‍ ലോകത്തെ നോക്കി
കൂര്‍ത്ത ചെവികളിലൂടെന്തെല്ലാമോ കേട്ട്‌
ശാന്ത ഗംഭീരനായ്‌
ഒരു പട്ടി ചത്തു കിടക്കുന്നു


തലയില്‍ വട്ടക്കെട്ടില്ല
മൂക്കില്‍ പഞ്ഞിയില്ല
നാറിയ പൂക്കളാല്‍ തീര്‍ത്ത റീത്തുകള്‍ ദേഹത്തില്ല
ചിതറിയകുടല്‍ മാലകള്‍കൊത്തിത്തിന്നും
കാക്കകള്‍ മാത്രം ചുറ്റിനും


സായാഹ്നമായി
സ്കൂളുകള്‍, ഓഫിസുകള്‍ വിട്ടു
അണമുറിയാത്ത പ്രവാഹമായി
ചത്തു കിടക്കുന്ന പട്ടിയെ തിരിഞ്ഞൊന്നു നോക്കാതെ
നായിന്റെ മക്കള്‍ സ്വന്തം വീടു തേടി യാത്രയായി
ഇരുള്‍ വീഴുന്ന പാതയോരത്ത്‌
ശാന്ത ഗംഭീരനായ്‌
ഒരു പട്ടി ചത്തു കിടക്കുന്നു